---
title: "തലശേരിയിൽ പരീക്ഷക്ക് ചോദ്യപേപ്പർ മാറി നൽകി ; ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ, പരീക്ഷ പലയിടത്തും വൈകി."
english_title: "In Thalassery, the question paper for the exam was changed; the question paper for the ninth grade exam was given from the eighth grade, and the exam was delayed in many places"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346297/In Thalassery, the question paper for the exam was changed; the question paper for the ninth grade exam was given from the eighth grade, and the exam was delayed in many places"
published_at: "2026-03-07T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac13b1db711_1001139572.jpg"
keywords: []
---

# തലശേരിയിൽ പരീക്ഷക്ക് ചോദ്യപേപ്പർ മാറി നൽകി ; ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ, പരീക്ഷ പലയിടത്തും വൈകി.

> **Lead Summary:** തലശ്ശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നൽകിയത്. ഇന്ന് നടന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷാ ചോദ്യക്കടലാസിന് പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്.

## Article Content

തലശ്ശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നൽകിയത്. ഇന്ന് നടന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷാ ചോദ്യക്കടലാസിന് പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്.

പരീക്ഷ തുടങ്ങവെ കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ടു. പിന്നീട് കണ്ണൂരിൽ നിന്നും ഒൻപതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഉച്ച തിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.

ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. നേരത്തെ ഇത്തരം പ്രശ്നങ്ങൾ മുന്നിൽ കണ്ട് ബി ആർ സികളിൽ ചോദ്യപേപ്പറുകൾ എക്സ്ട്രാ കരുതലുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ച വിവാദമുണ്ടായതോടെ എസ്.എസ്.എൽ.സി പരീക്ഷക്കുള്ള അതേ മാനദണ്ഡങ്ങളാണ് 8,9 പരീക്ഷകൾക്കും. ചോദ്യപേപ്പർ കെട്ടിൽ ക്രമനമ്പർ അടിച്ചപ്പോഴുണ്ടായ തെറ്റാണ് വിനയായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346297/In Thalassery, the question paper for the exam was changed; the question paper for the ninth grade exam was given from the eighth grade, and the exam was delayed in many places)